Numbers 23

1അനന്തരം ബിലെയാം ബാലാക്കിനോട്: “ഇവിടെ ഏഴ് യാഗപീഠം പണിത്, ഏഴ് കാളയെയും ഏഴ് ആട്ടുകൊറ്റനെയും എനിക്കായി ഒരുക്കിനിർത്തുക”എന്ന് പറഞ്ഞു. 2ബിലെയാം പറഞ്ഞതുപോലെ ബാലാക്ക് ചെയ്തു; ബാലാക്കും ബിലെയാമും ഓരോ യാഗപീഠത്തിന്മേൽ ഒരു കാളയെയും ഒരു ആട്ടുകൊറ്റനെയും വീതം യാഗം കഴിച്ചു; 3പിന്നെ ബിലെയാം ബാലാക്കിനോട്: “നിന്റെ ഹോമയാഗത്തിന്റെ അടുക്കൽ നിൽക്കുക; ഞാൻ അങ്ങോട്ടു ചെല്ലട്ടെ; പക്ഷേ യഹോവ എനിക്ക് പ്രത്യക്ഷനാകും; അവിടുന്ന് എനിക്ക് എന്ത് വെളിപ്പെടുത്തുന്നുവോ അത് ഞാൻ നിന്നോട് അറിയിക്കും”എന്ന് പറഞ്ഞ് കുന്നിന്മേൽ കയറി.

4ദൈവം ബിലെയാമിന് പ്രത്യക്ഷനായി; ബിലെയാം അവനോട്: “ഞാൻ ഏഴ് യാഗപീഠം ഒരുക്കി ഓരോന്നിലും ഓരോ കാളയെയും ഓരോ ആട്ടുകൊറ്റനെയും യാഗം കഴിച്ചിരിക്കുന്നു” എന്ന് പറഞ്ഞു. 5അനന്തരം യഹോവ ഒരു വചനം ബിലെയാമിന്റെ നാവിന്മേൽ കൊടുത്തു: “നീ ബാലാക്കിന്റെ അടുക്കൽ മടങ്ങിച്ചെന്ന് ഇപ്രകാരം പറയണം” എന്ന് കല്പിച്ചു. 6അവൻ അവന്റെ അടുക്കൽ മടങ്ങിച്ചെന്നു; അവനും മോവാബ്യപ്രഭുക്കന്മാർ എല്ലാവരും ഹോമയാഗത്തിന്റെ അടുക്കൽ നിൽക്കുകയായിരുന്നു.

7അപ്പോൾ ബിലെയാം സുഭാഷിതം ചൊല്ലിത്തുടങ്ങിയത്:

“ബാലാക്ക് എന്നെ അരാമിൽനിന്നും
മോവാബ്‌രാജാവ് പൂർവ്വപർവ്വതങ്ങളിൽനിന്നും വരുത്തി:
‘ചെന്ന് യാക്കോബിനെ ശപിക്കുക;
ചെന്ന് യിസ്രായേലിനെ ഭത്സിക്കുക’ എന്ന് പറഞ്ഞു.
8ദൈവം ശപിക്കാത്തവനെ ഞാൻ എങ്ങനെ ശപിക്കും?
യഹോവ ഭത്സിക്കാത്തവനെ ഞാൻ എങ്ങനെ ഭത്സിക്കും?

9ശിലാഗ്രങ്ങളിൽനിന്ന് ഞാൻ അവനെ കാണുന്നു;

ഗിരികളിൽനിന്ന് ഞാൻ അവനെ ദർശിക്കുന്നു;
ഇതാ തനിച്ചുപാർക്കുന്നോരു ജനം;
ജാതികളുടെ കൂട്ടത്തിൽ എണ്ണപ്പെടുന്നതുമില്ല.

10യാക്കോബിന്റെ പൊടിയെ ആർക്ക് എണ്ണാം?

യിസ്രായേലിൽ കാൽ ഭാഗത്തെ ആർക്ക് ഗണിക്കാം?
ഭക്തന്മാർ മരിക്കുമ്പോലെ ഞാൻ മരിക്കട്ടെ;
എന്റെ അവസാനം അവന്റേതുപോലെ ആകട്ടെ.

11ബാലാക്ക് ബിലെയാമിനോട്: “നീ എന്നോട് ഈ ചെയ്തത് എന്ത്? എന്റെ ശത്രുക്കളെ ശപിക്കുവാനല്ലോ ഞാൻ നിന്നെ വരുത്തിയത്? നീയോ അവരെ അനുഗ്രഹിക്കുകയത്രേ ചെയ്തിരിക്കുന്നു” എന്ന് പറഞ്ഞു. 12അതിന് അവൻ: “യഹോവ എന്റെ നാവിന്മേൽ തന്നത് പറയുവാൻ ഞാൻ ശ്രദ്ധിക്കണ്ടായോ” എന്ന് ഉത്തരം പറഞ്ഞു.

13ബാലാക്ക് അവനോട്: “നീ അവരെ മറ്റൊരു സ്ഥലത്തുനിന്ന് കാണേണ്ടതിന് എന്നോടുകൂടെ വരിക; എന്നാൽ അവരുടെ ഒരറ്റം മാത്രമല്ലാതെ എല്ലാവരെയും കാണുകയില്ല; അവിടെനിന്ന് അവരെ ശപിക്കണം” എന്ന് പറഞ്ഞു. 14ഇങ്ങനെ അവൻ പിസ്ഗകൊടുമുടിയിൽ സോഫീം എന്ന മുകൾപ്പരപ്പിലേക്ക് അവനെ കൊണ്ടുപോയി ഏഴ് യാഗപീഠം പണിത് ഓരോന്നിലും ഓരോ കാളയെയും ഓരോ ആട്ടുകൊറ്റനെയും യാഗം കഴിച്ചു. 15പിന്നെ അവൻ ബാലാക്കിനോട്: “ഇവിടെ നിന്റെ ഹോമയാഗത്തിന്റെ അടുക്കൽ നിൽക്കുക; ഞാൻ അങ്ങോട്ട് ചെന്ന് കാണട്ടെ”എന്ന് പറഞ്ഞു.

16യഹോവ ബിലെയാമിന് പ്രത്യക്ഷനായി അവന്റെ നാവിന്മേൽ ഒരു വചനം കൊടുത്തു: “ബാലാക്കിന്റെ അടുക്കൽ മടങ്ങിച്ചെന്ന് ഇപ്രകാരം പറയുക”എന്ന് കല്പിച്ചു. 17അവൻ അവന്റെ അടുക്കൽ വന്നപ്പോൾ അവൻ മോവാബ്യപ്രഭുക്കന്മാരോടുകൂടെ തന്റെ ഹോമയാഗത്തിന്റെ അടുക്കൽ നിന്നിരുന്നു. അപ്പോൾ ബാലാക്ക് അവനോട്: “യഹോവ അരുളിച്ചെയ്തത് എന്ത്”എന്ന് ചോദിച്ചു. 18അവൻ സുഭാഷിതം ചൊല്ലിത്തുടങ്ങിയത്:

“ബാലാക്കേ, എഴുന്നേറ്റ് കേൾക്കുക;
സിപ്പോരിന്റെ പുത്രാ, എനിക്ക് ചെവി തരിക.

19വ്യാജം പറയുവാൻ ദൈവം മനുഷ്യനല്ല;

അനുതപിക്കുവാൻ അവിടുന്ന് മനുഷ്യപുത്രനുമല്ല;
അവിടുന്ന് ചെയ്യാതിരിക്കുമോ?
അവിടുന്ന് അരുളിച്ചെയ്തത് നിവർത്തിക്കാതിരിക്കുമോ?
20അനുഗ്രഹിക്കുവാൻ എനിക്ക് കല്പന ലഭിച്ചിരിക്കുന്നു;
അവിടുന്ന് അനുഗ്രഹിച്ചിരിക്കുന്നു; എനിക്കു അത് മറിച്ചുകൂടാ.

21യാക്കോബിൽ തിന്മ കാണുവാനില്ല;

യിസ്രായേലിൽ കഷ്ടത ദർശിപ്പാനുമില്ല;
അവന്റെ ദൈവമായ യഹോവ അവനോടുകൂടെ ഇരിക്കുന്നു;
രാജകോലാഹലം അവരുടെ മദ്ധ്യേ ഉണ്ട്.
22ദൈവം അവരെ ഈജിപ്റ്റിൽ നിന്ന് കൊണ്ടുവരുന്നു;
കാട്ടുപോത്തിനു തുല്യമായ ബലം അവനുണ്ട്.

23ആഭിചാരം യാക്കോബിന് പറ്റുകയില്ല;

ലക്ഷണവിദ്യ യിസ്രായേലിനോട് ഫലിക്കുകയുമില്ല;
ഇപ്പോൾ യാക്കോബിനെക്കുറിച്ചും യിസ്രായേലിനെക്കുറിച്ചും:
ദൈവം എന്തെല്ലാം പ്രവർത്തിച്ചിരിക്കുന്നു എന്നേ പറയാവു.

24ഇതാ, ജനം സിംഹിയെപ്പോലെ എഴുന്നേല്ക്കുന്നു;

ബാലസിംഹത്തെപ്പോലെ എഴുന്നേറ്റുനില്ക്കുന്നു;
അവൻ ഇര പിടിച്ച് തിന്നാതെയും
നിഹതന്മാരുടെ രക്തം കുടിക്കാതെയും കിടക്കുകയില്ല.

25അപ്പോൾ ബാലാക്ക് ബിലെയാമിനോട്: “അവരെ ശപിക്കുകയും വേണ്ടാ അനുഗ്രഹിക്കുകയും വേണ്ടാ”എന്ന് പറഞ്ഞു. 26ബിലെയാം ബാലാക്കിനോട്: “യഹോവ കല്പിക്കുന്നതൊക്കെയും ഞാൻ ചെയ്യും എന്ന് നിന്നോട് പറഞ്ഞില്ലയോ” എന്നുത്തരം പറഞ്ഞു. 27ബാലാക്ക് ബിലെയാമിനോട്: “വരിക, ഞാൻ നിന്നെ മറ്റൊരു സ്ഥലത്ത് കൊണ്ടുപോകും; അവിടെനിന്ന് നീ എനിക്കുവേണ്ടി അവരെ ശപിക്കുവാൻ ദൈവത്തിന് പക്ഷേ സമ്മതമാകും” എന്ന് പറഞ്ഞു.

28അങ്ങനെ ബാലാക്ക് ബിലെയാമിനെ മരുഭൂമിക്ക് എതിരെയുള്ള പെയോർമലയുടെ മുകളിൽ കൊണ്ടുപോയി. 29ബിലെയാം ബാലാക്കിനോട്: “ഇവിടെ എനിക്ക് ഏഴ് യാഗപീഠം പണിത് ഏഴു കാളയെയും ഏഴു ആട്ടുകൊറ്റനെയും ഒരുക്കിനിർത്തുക” എന്ന് പറഞ്ഞു. ബിലെയാം പറഞ്ഞതുപോലെ ബാലാക്ക് ചെയ്തു; ഓരോ യാഗപീഠത്തിന്മേലും ഒരു കാളയെയും ഒരു ആട്ടുകൊറ്റനെയും യാഗം കഴിച്ചു.

30

Copyright information for MalULB